ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് കന്നി കിരീടം. ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 30.3 ഓവറില്‍ 158 റണ്‍സിന് അവസാനിക്കുകയായിരുന്നു. ബൗളര്‍മാരുടെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മ്മ(പൂജ്യം), ശിഖര്‍ ധവാന്‍(21), വിരാട് കോലി(അഞ്ച്), യുവരാജ് സിങ്(22), എം എസ് ധോണി(നാല്) എന്നിവര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ വമ്പന്‍ തോല്‍വിക്ക് പ്രധാന കാരണം.  വെടിക്കെട്ട് ബാറ്റിങിലൂടെ 76 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ്‌സ്‌കോറര്‍. കൂട്ടത്തകര്‍ച്ചയ്‌ക്കിടയിലും പന്തില്‍ 76 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് തോല്‍വിയുടെ ആഘാതം കുറയ്‌ക്കാന്‍ സഹായകരമായി‍. ജഡേജയുമായുള്ള ആശയകുഴപ്പത്തിനൊടുവില്‍ റണ്ണൗട്ടായി പുറത്താകുമ്പോള്‍ ആറു സിക്‌സറും നാലു ബൗണ്ടറികളും ഹര്‍ദ്ദികിന്റെ ബാറ്റില്‍നിന്ന് പറന്നിരുന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍, കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 50 ഓവറില്‍ 338 റണ്‍സടിച്ചുകൂട്ടുകയായിരുന്നു. കരിയറിലെ കന്നി ഏകദിന സെഞ്ച്വറി നേടിയ ഫഖര്‍ സമന്റെ(114) ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തായത്. പാക് ബാറ്റ്‌സ്‌മാന്‍മാര്‍ തുടക്കംമുതല്‍ക്കേ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ഫഖര്‍ സമാന്‍ 92 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് കരിയറിലെ കന്നി ഏകദിനസെഞ്ച്വറി തികച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെയാണ് കന്നി സെ‌ഞ്ച്വറി നേടിയതെന്നത് ഫഖര്‍ സമാന്റെ ക്രിക്കറ്റ് കരിയറില്‍ ശ്രദ്ധേയമായി. അര്‍ദ്ധസെഞ്ച്വറി നേടിയ മറ്റൊരു ഓപ്പണര്‍ അസര്‍ അലിയുടെ ഇന്നിംഗ്സും പാകിസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായകമായി. ഫഖര്‍ സമാന്‍-അസര്‍ അലി കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്. മൊഹമ്മദ് ഹഫീസ്(57), അസര്‍ അലി(59), ബാബര്‍ അസം(44) എന്നിവരും ബാറ്റിങില്‍ തിളങ്ങി.