നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദീര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പോലീസ് പുതിയ ചോദ്യാവലി തയാറാക്കുന്നുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികളെ കേന്ദ്രീകരിച്ചാകും ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആലുവ റൂറല്‍ എസ്.പി എവി ജോര്‍ജ്ജ് തള്ളിക്കളഞ്ഞു. അതിനോടൊപ്പം തന്നെ പോലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എസ്.പി അറിയിച്ചു.

ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്നത്. വൈകിട്ട് ഏഴു മണിക്കു തുടങ്ങിയ യോഗം നാലുമണിക്കൂറോളം തുടര്‍ന്നു. കേസിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി തന്നെ യോഗം വിശകലനം ചെയ്തു.