നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയുടെ യോഗം ഉടനടി വിളിക്കണമെന്ന് ആവശ്യമുയര്‍ന്നു.ചികില്‍സയിലുള്ള അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പി ആശുപത്രിയില്‍നിന്നും എത്തിയാലുടന്‍ അമ്മയുടെ എക്സിക്യൂട്ടീവ് വിളിച്ചുചേര്‍ത്ത് ദിലീപിനെ സസ്പെന്‍ഡ് ചെയ്തേക്കും. നിലവില്‍ അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് ദിലീപ്.

അമ്മയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രമേനോനും ജോയ്മാത്യുവും കത്ത് നല്‍കി. വാര്‍ത്താസമ്മേളനം  വിളിച്ച് അമ്മ നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചതെന്നും അന്വേഷണത്തില്‍ ആരും ഇടപ്പെട്ടിട്ടില്ലെന്നും ഗണേഷ്കുമാര്‍ എംഎല്‍എ പറഞ്ഞു.   താന്‍ ഇരക്കൊപ്പം തന്നെയാണ്. വിഷയത്തില്‍ അമ്മ ശക്തമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

ആരോപണമുയര്‍ന്നിട്ടും ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചിരുന്നത്. ഇരയായ നടിയെ അപമാനിക്കുന്ന പോസ്റ്റുകളും പ്രതികരണങ്ങളും ദിലീപില്‍നിന്നും മറ്റ് നടന്‍മാരില്‍നിന്നും വന്നിട്ടും അതിനെതിരെ  അമ്മ നിലപാടെടുത്തില്ല. ഇരക്കൊപ്പം നിലക്കുന്നുവെന്ന് പറയുമ്പോഴും ദിലീപിനെ തള്ളി പയാന്‍ അമ്മ തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടു.