നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ കാത്തുനിന്ന നാട്ടുകാര്‍ കൂവി വിളിച്ചു. നടിയെ ആക്രമിക്കാന്‍ ഒന്നരകോടിയുടെ ക്വട്ടേഷന്‍ നല്‍കിയ ജനപ്രിയ നായകനെ കാട്ടുകള്ളന്‍ ജയിലിലേക്ക് എന്നാര്‍ത്തുവിളിച്ചാണ് ജനം കൂവലോടെ വരവേറ്റത്. ദിലീപിനെ റിമാന്‍ഡ് ചെയ്യാന്‍ ഹാജരാക്കിയ അങ്കമാലി വേങ്ങൂരിലുള്ള മജിസ്ട്രേറ്റിന്റെ വീടിന് മുന്നിലും ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ചുകുടിയിരുന്നു.

അതേസമയം കേസില്‍ തന്നെ കുടുക്കിയതാണെന്ന മട്ടിലായിരുന്ന ദിലീപിന്റെ പ്രതികരണം. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് ദിലീപ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്  അനൂപും മജീസ്ട്രേറ്റിന്റെ വസതിയില്എത്തിയിരുന്നു. പൊട്ടിക്കരഞ്ഞാണ് അനൂപ് പുറത്തേക്ക് വന്നത്. തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദീലീപ് അനൂപിനോട് പറഞ്ഞതായി പറയുന്നു.

അതേസമയം ദിലിപിനെതിരെ സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.