പോലീസ് വിചാരിച്ചാല്‍ 19 അല്ല 190 തെളിവുകള്‍ ദിലീപിനെതിരെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മുതുര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍. തെളിവുകള്‍ 19 ആക്കി പരിമിതപ്പെടുത്തി എന്നതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്നും കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന രാം കുമാര്‍ പറഞ്ഞു.  ദിലീപിനെതിരായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണ്. തെളിവില്ലാത്ത കേസില്‍ ഒരാളെ ശിക്ഷിക്കണമെങ്കില്‍ നേരായ മാര്‍ഗത്തിലൂടെ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും രാം കുമാര്‍ വ്യക്തമാക്കി.  ഇന്ന് രാവിലെ ഏഴു മണിയോടെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദീലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഐപിസി 120 ബി വകുപ്പ് ചുമത്തിയിരിക്കുന്ന ദിലീപിനെതിരെ 19 തെളിവുകള്‍ പോലീസ് ഹാജരാക്കി. ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.