നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ  താരസംഘടനയായ അമ്മയില്‍ നിന്നും  പുറത്താക്കി.നിലവില്‍ എക്‌സികൂട്ടീവ് അംഗമായ ദിലീപിനെ  ട്രഷര്‍ സ്ഥാനത്തും നിന്നുംപുറത്താക്കി .   പ്രാഥമിക അംഗത്വവും റദ്ദാക്കി. നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ അടിയന്തര എക്‌സികൂട്ടീവ് മീറ്റിംഗിലാണ് താരസംഘടന നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

ദിലീപിനെ പുറത്താക്കിയ വിവരം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. പിന്നീട് കാര്യങ്ങള്‍ മമ്മൂട്ടി വിശദീകരിച്ചു.മോഹന്‍ലാല്‍, രമ്യ നമ്പീശന്‍, ദേവന്‍, ആസിഫ് അലി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്

സിനിമാരംഗത്ത് ക്രിമിനലുകള്‍ ഉണ്ടാകുന്നത് നാണക്കേടാണെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍, സിനിമാരംഗത്തുള്ള എല്ലാവരെയും തിരിച്ചറിയാനും പരിശോധിക്കാനും ഒരു സംഘടന എന്ന നിലയില്‍ അമ്മയ്ക്ക് കഴിയില്ല. മേലില്‍ ഇത്തരം ക്രിമിനലുകള്‍ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ അമ്മ ശ്രമിക്കും.അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണ്ടിവന്നാല്‍ സംഘടനയില്‍ ഒരു അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാം.

സംഘടന എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമുണ്ട്. നടിക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും സംഘടനയും അംഗങ്ങള്‍ വ്യക്തിപരമായും നല്‍കിയിട്ടുണ്ട്. അത് തുടര്‍ന്നും നല്‍കും.കേസില്‍ പോലീസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാതിരുന്നത്. അന്വേഷണം നടത്തേണ്ടതും നടപടി കൈക്കൊള്ളേണ്ടതും പോലീസാണ്. ഇക്കാര്യത്തില്‍ അമ്മയ്ക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.