നടിയെ ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്‍റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകിട്ട് അഞ്ച് വരെയാണ് ദിലീപിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിക്കുക. കസ്റ്റഡി നീട്ടണമെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.

നേരത്തെ അനുവദിച്ച രണ്ടു ദിവസത്തെ കസ്റ്റഡി സമയംകൊണ്ട് വിവിധ ജില്ലകളിലെ തെളിവെടുപ്പ് മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ എന്നും വിശദമായ ചോദ്യം ചെയ്യലിന് സമയം അനുവദിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു.

ജാമ്യം തേടിയുള്ള ദിലീപിന്‍റെ ഹർജി ശനിയാഴ്ച പരിഗണിക്കും. ഇന്ന് നടന്ന വാദത്തിനിടെ കേസ് ഡയറി പോലീസ് ഹാജരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തെളിവില്ലാതെയാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നും രാംകുമാറിന്‍റെ വാദം. കേസ് ഡയറി ഹാജരാക്കാൻ തയാറാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.