നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ  ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.  കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍  ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ നിര്‍ണായക വിധി.
ജാമ്യം നല്‍കുന്നതിനെ  പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുന്ന കാലയളവില്‍  തന്നെ ദിലീപിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂല പ്രചരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.