അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്യുവിയായ ജീപ്പ് കോംപസ് ഈ മാസം 31 ന് വിപണിയില്‍ അവതരിപ്പിക്കും. ജീപ്പിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്ങാനാകുന്ന വിലയായ 18 ലക്ഷത്തിനും 22 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും ജീപ്പ് കോംപസിന്റെ എക്സ്-ഷോറൂം വില. അന്തര്‍ദേശീയ വിപണികളില്‍ ലഭ്യമായ ട്രെയ്ല്‍ഹോക്ക് വേരിയന്റ് ജീപ്പ് ഇന്ത്യ ഇവിടെ അവതരിപ്പിക്കില്ല.

1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷനുകളാണ്. മാനുവല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച കോംപസിന്റെ ഡീസല്‍ വേര്‍ഷനാണ് ജീപ്പ് തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റ് പിന്നീട് വില്‍പ്പനയ്ക്കെത്തും.

സ്പോര്‍ട്, ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് ഓപ്ഷണല്‍, ലിമിറ്റഡ്, ലിമിറ്റഡ് ഓപ്ഷണല്‍ എന്നീ ആകെ അഞ്ച് വേരിയന്റുകളില്‍ ജീപ്പ് കോംപസ് ലഭിക്കും. വോക്കല്‍ വൈറ്റ്, ബ്രില്യന്റ് ബ്ലാക്ക്, മിനിമല്‍ ഗ്രേ, ഹൈഡ്രോ ബ്ലൂ, എക്സോട്ടിക്ക റെഡ് എന്നിവയാണ് കളര്‍ ഓപ്ഷന്‍സ്.