കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറും നടന്‍ ദിലീപും തമ്മിലുളള അടുപ്പത്തിന്‍റെ കൂടുതല്‍തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ദിലീപ് അഭിനയിച്ച പത്ത് സിനിമകളുടെ സെറ്റില്‍ സുനില്‍കുമാര്‍ എത്തിയിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍  അടുത്ത ദിവസം പൊലീസ് നോട്ടീസ് നല്‍കും.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ കണ്ടിട്ടുപോലുമില്ലെന്ന ദിലീപിന്‍റെ വാദത്തിന് തടയിടാനാണ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2013 മാര്‍ച്ച് മുതല്‍ 2016 നവംബര്‍ വരെയുളള മൂന്നരവര്‍ഷം ദിലീപ് അഭിനയിച്ച പത്ത് സിനിമകളുടെ സെറ്റില്‍ സുനില്‍ കുമാര്‍ എത്തിയിരുന്നെന്നാണ് തിരിച്ചറി‌ഞ്ഞിരിക്കുന്നത്. ഇക്കാലത്ത് 17 സിനിമകളിലാണ് ദീലീപ് അഭിനയിച്ചത്. ഇതില്‍ ചില സിനിമകളുടെ സെറ്റില്‍വെച്ചായിരുന്നു ഗുഢാലോചന. സുനില്‍കുമാ‍ര്‍ എത്തിയ പത്തു സിനിമകളുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഇവയില്‍ ചില ചിത്രങ്ങളില്‍ കാവ്യാ മാധവനും നായികയായിരുന്നു. അവിടെവെച്ചെങ്ങും  സുനില്‍കുമാറിനെ കണ്ടിട്ടില്ലെന്നാണ് കാവ്യയുടെ മൊഴി. ഇത് പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ടാണ് കാവ്യയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അടുത്തദിവസംതന്നെ നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കാവ്യ അറിഞ്ഞിട്ടില്ലെങ്കിലും കൃത്യത്തിനുശേഷം ചിലതെങ്കിലും അറിഞ്ഞിരിക്കാമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.