ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയുടെ പ്രസ്താവനകള്‍ ചാനലുകളില്‍ സ്ക്രോളായും ഫേസ്ബുക്കിലൂടെയും കാണുന്നതല്ലാതെ കൂട്ടായ്മയെക്കുറിച്ച് തനിക്കറിയില്ലെന്നു ചലച്ചിത്രതാരം ലക്ഷ്മി പ്രിയ. തങ്ങളെ സംഘടനയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും സംഘടനയുടെ ഉദ്ദേശലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വനിതാ കൂട്ടായ്മയുടെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സിനിമയുടെ സെറ്റിലും റിട്ട. ജഡ്ജി അംഗമായുള്ള പാനല്‍ പരിശോധന നടത്തുന്ന നിലപാടിനോട് അടക്കം തനിക്ക് വിയോജിപ്പാണ്. അഭിനയിച്ച ചിത്രത്തിനു വേതനം നല്‍കാതിരുന്നതാണ് ഈ മേഖലയില്‍ തന്നെ വിഷമിപ്പിച്ച കാര്യം. മുപ്പതിലേറെ സിനിമകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  സിനിമയാണ് എല്ലാം എന്നു കരുതാത്തതിനാല്‍ തന്നെ ഇതു വേദനിപ്പിച്ചിട്ടില്ല. ചലച്ചിത്രമേഖലയില്‍ അധോലോക ബന്ധങ്ങള്‍ ഉള്ളതായി തനിക്കറിയില്ല. പരസ്പര ബഹുമാനമില്ലായ്മ പുതു തലമുറയ്ക്കിടയില്‍ സാധാരണമാണ്.