നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടന നിയമനടപടിക്ക്. അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭയുടെ ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നിയമനടപടി സ്വീകരിക്കും. തീയറ്ററില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെന്ന് ആരോപിച്ചാണ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഡി സിനിമാസിന് 2017 ഡിസംബര്‍ വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണം കഴിയുന്നത് വരെ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠമായാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. നിര്‍മ്മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് നഗരസഭാ അംഗങ്ങള്‍ പറഞ്ഞിരുന്നു.

ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡി സിനിമാസ് പ്രവര്‍ത്തിക്കുന്ന സ്ഥലം അളക്കുന്നതടക്കമുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീയറ്റര്‍ പുട്ടണമെന്ന നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചത്.