നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്ന് റിപ്പോർട്ട്. ജയിലിൽ ദിലീപിന്‍റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകൽ സമയങ്ങളിൽ ജയിലുദ്യോഗസ്ഥരുടെ മുറിയിലായിരിക്കും താരമുണ്ടാവുകയെന്ന് സനൂപ് പറഞ്ഞു. രാത്രി കിടക്കാൻ മാത്രമാണ് സെല്ലിലേക്ക് വരുന്നത്.

ജയിലുദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണമാണ് ദിലീപിനും നൽകുന്നത്. ജയിലിലെത്തിയതു മുതൽ ഇത്തരത്തിൽ പ്രത്യേക ഭക്ഷണമാണ് നൽകുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ താൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാൾ കൂട്ടിച്ചേർത്തു.

പത്തുവർഷം മുൻപ് നടന്ന ഒരു കേസിൽ അറസ്റ്റിലായാണ് സനൂപ് ജയിലിലെത്തിയത്.