നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. ആലുവ സബ് ജയിലില്‍ നിന്നാണ് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അങ്കമാലി മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക.  കോടതിക്ക് മുമ്പാകെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുള്ള അവസരവും പ്രതിക്ക് ലഭിക്കും.

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലാണ് പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത്. ഹൈക്കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗം അഭിഭാഷകന്റെ നീക്കം.ഇതിനിടെ ദിലീപിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആലുവ സബ് ജയിലിലെത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തി. നിലവില്‍ നേരിയ ജലദോഷം മാത്രമാണ് ഉള്ളതെന്നും പ്രതി ആരോഗ്യവാനാണെന്നും ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്.

ആലുവ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പ്രതിയെ പരിശോധിച്ചത്. ദിലീപിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.