നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ അന്വേഷണ സംഘത്തോട് പറഞ്ഞ “മാഡം’ കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സുനി വെളിപ്പെടുത്തിയത്. ഈ മാസം 16ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന “വിഐപി’ മാഡത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ സുനി ചില വന്പൻ സ്രാവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത്. പിന്നീട് സുനി നടിയുടെ ദൃശ്യങ്ങൾ പകർത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പോലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇതിനിടെ ദിലീപിന്‍റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം അന്വേഷണ സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.