നടിയെ ആക്രമിച്ച കേസിൽ ദിലീപ് പുതിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ നൽകിയേക്കും. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസ് അറിയിച്ചു.

റിമാൻ‍ഡ് കാലാവിധി  കോടതി വീണ്ടും പുതുക്കിയതിന് പിറകെയാണ് ദിലീപ്  പുതിയ ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ കോടതിയെ സമീപിക്കുന്നുത്. ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമൻപിള്ളയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലിൽ  ദിലീപിനെ കണ്ടു. ജാമ്യാപേക്ഷ ഉടൻ സമർ‍പ്പിക്കാനുള്ള നടപടികൾ  ആരംഭിച്ചെന്ന് അഡ്വ. രാമൻപിള്ളയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഹർജി സമർപ്പിക്കാനാണ് നീക്കം.

ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിറകെ അഭിഭാഷകനായ രാംകുമാറിനെ ദിലീപ് മാറ്റുകയും അഡ്വ. രാമൻപിള്ളയെ വക്കാലത്ത് എൽപ്പിക്കുകയുമായിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ അന്ന്  നിരത്തിയ പ്രധാന വാദങ്ങളിലൊന്ന് കൃത്യത്തിനുപയോഗിച്ച മൊബൈൽഫോൺ കണ്ടെത്താനുണ്ടെന്നായിരുന്നു. കൂടാതെ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഒളിലിവലാണെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിന് മുൻപ് ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു. എന്നാൽ ഈ രണ്ട് കാര്യങ്ങളിലും തീർപ്പുണ്ടാക്കി. ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. കൂടതെ ദിലീപിനെ വിശ്വസിച്ച് കോടികൾ സിനിമ വ്യവസായത്തിൽ നിക്ഷേപിച്ചവർ കടക്കെണിയിലാകുന്നു. അതിനാൽ കരാർ പ്രകാരമുള്ള സിനിമകൾ പൂർത്തിയാക്കാനും തന്‍റെ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നു ആവശ്യപ്പെടും. ദിലീപിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്പി വ്യക്തമാക്കി.