നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തീയറ്റര്‍ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സില്‍ തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്. തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവര്‍ത്തനാനുമതി തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. തീയറ്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഡിസിനിമാസ് ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും അനുമതി വാങ്ങാതെയാണ് ജനറേറ്റര്‍ തീയറ്റര്‍ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചതെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം തള്ളിയ ഹൈക്കോടതി തിയേറ്റര്‍ അടച്ചു പൂട്ടിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചു. നഗര സഭാ സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നഗര സഭാ സെക്രട്ടറിയുടെ അധികാര പരിധിയില്‍ പെട്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി ഡി സിനിമാസിനുണ്ടെന്നും കോടതി വ്യക്തമാക്കി.