നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായാല്‍ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. അറസ്റ്റുണ്ടായ സാഹചര്യത്തിലാണ് ദിലിപിനെ സംഘടനയുടെ നേതൃത്വത്തില്‍ നിന്നും മാറ്റിയതെന്നും അദ്ദേഹം ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും ഫിയോക്കിന്റെ സെക്രട്ടറി ബോബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങളുടെത് ഒരു പുതിയ സംഘടനയാണ്. സംഘടനയ്ക്ക് നേതൃത്വമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിലീപിനെ മാറ്റി നിര്‍ത്തിയത്. പകരം വൈസ് പ്രസിഡന്റുമാരായ മൂന്ന് പേരില്‍ ഒരാളെ പ്രസിഡന്റാക്കുകയായിരുന്നു. ആ ഒഴിവ് നികത്തിയിട്ടില്ലെന്നും ബോബി പറഞ്ഞു.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ച് പൂട്ടിയ നഗരസഭയുടെ നടപടി നേര്‍വഴിയിലൂടെയല്ലെന്നും ഹൈക്കോടതി വിധിയിലൂടെ സത്യം ജയിച്ചെന്നും ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ സത്യമറിയാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കരുത്‌. ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് ഫിയോക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.