ബ്ലൂവെയില്‍ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടെ രാജ്യത്ത് മറ്റൊരു ആത്മഹത്യാശ്രമം കൂടെ റിപ്പോര്‍ട്ട് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠികളുടേയും കായികാധ്യാപകന്റെയും സമയോചിത ഇടപെടല്‍ വിദ്യാര്‍ഥിയെ മരണത്തില്‍ നിന്നും രക്ഷിച്ചു. 
ഇന്‍ഡോറിലെ ചമേലി ദേവി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. മരണ ഗെയിമിന്റെ അമ്പതാമത്തെ ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്കൊരുങ്ങിയത്. 

സ്‌കൂളില്‍ നിന്ന് അസംബ്ലി കഴിഞ്ഞയുടന്‍ കുട്ടി മൂന്നാം നിലയിലെ ജനാല വഴി കടന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രാജേന്ദ്രനഗര്‍ എഎസ്പി രൂപേഷ് കുമാര്‍ ദ്വിവേദി പറഞ്ഞു. ബ്ലൂവെയില്‍ ഗെയിം മൂലമാണ് ആത്മഹത്യയ്‌ക്കൊരുങ്ങിയതെന്നും അച്ഛന്റെ ഫോണില്‍ നിന്നാണ് ഗെയിം കളിച്ചതെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി. 

ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ആഴ്ചകള്‍ക്കു മുമ്പ് മുംബൈയില്‍ മന്‍പ്രീത് എന്ന വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. മന്‍പ്രീത് ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി വ്യക്തമായിരുന്നു. മരണഗെയിമുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യയായിരുന്നു ഇത്. 

കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് മോധാവി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.