ഉത്തരകൊറിയൻ ഭീഷണിയേക്കുറിച്ച് ഓർത്ത് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഗുവാം ഗവർണറോട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൽഡ് ട്രംപ്. അമേരിക്കൻ ജനതയും സൈന്യവും നിങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗുവാം ഗവർണർ എഡ്ഡി കാൽവോയെ ടെലിഫോണിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഒരു അമേരിക്കൻ പൗരനെന്ന നിലയ്ക്കും ഗുവാമിന്‍റെ ഗവർണർ എന്ന നിലയ്ക്കും ഇതിലും വലിയ സുരക്ഷ ലഭിക്കാനില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് എഡ്ഡി കാൽവോ ട്രംപിനെ അറിയിച്ചു. ഒന്നിനെക്കുറിച്ചുമോർത്ത് ഭയപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച ട്രംപ് ലോകരാജ്യങ്ങൾ ഒക്കെയും ഇപ്പോൾ സംസാരിക്കുന്നത് ഗുവാമിനേക്കുറിച്ചാണെന്നും ഇക്കാര്യത്തിൽ അവരുടെ ഒക്കെ പിന്തുണ അമേരിക്കയ്ക്കുണ്ടെന്നും വ്യക്തമാക്കി.

ഗുവാം ആക്രമിക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പറഞ്ഞിരുന്നു. ഉത്തരകൊറിയ ആണവായുധങ്ങൾ പരീക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആണവായുധങ്ങൽ ഉപയോഗിച്ച് ഗുവാമിൽആക്രമണങ്ങൾ നടത്തുമെന്ന് ഉൻ തിരിച്ചടിച്ചത്.