ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. ഇതിനോടകം തന്നെ തിയേറ്ററുകളില്‍ ബുക്കിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞു. പൂജ റിലീസിനു തുടക്കമിട്ടത് ദിലീപും മഞ്ജു വാര്യരുമാണ്.

മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഇതേ ദിവസം തന്നെ തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിന് മുന്‍പാണ് നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് രാമലീലയുടെ റിലീസ് നീണ്ടുപോയത്.

ദിലീപ് അറസ്റ്റിലായപ്പോള്‍ മുതല്‍ രാമലീലയുടെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഉപരോധിക്കുമെന്ന തരത്തില്‍ വരെ ആഹ്വാനങ്ങളുയര്‍ന്നിരുന്നു.

അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍ രാമലീലയിലൂടെ തുടക്കം കുറിക്കുകയാണ്.ലയണിനു ശേഷം ദിലീപ് അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാമലീല. രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

10 വര്‍ഷത്തിലധികമായി സിനിമയില്‍ സജീവമായി തുടരുന്ന തിരക്കഥാകൃത്താണ് സച്ചി. ഇതാദ്യമായാണ് ഒരു ദിലീപ് ചിത്രത്തിന് വേണ്ടി സച്ചി തിരക്കഥ ഒരുക്കുന്നത്.

5 വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2012 ലാണ് ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ തുട
ങ്ങിയത്.

നൂറു കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള സിനിമയായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. ദിലീപിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

ദിലീപിന്റെ കരിയറിലെ തന്നെ പല പ്രധാനപ്പെട്ട ചിത്രങ്ങളും റിലീസ് ചെയ്ത മാസമാണ് ജൂലൈ. രാമലീലയും ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില സംഭവവികാസങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു.

രാമലീല ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങള്‍ തുടരുന്നതിനിടയിലാണ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് താരങ്ങളും സംവിധായകരും എത്തിയത്. വ്യക്തിപരമായ വിയോജിപ്പുകള്‍ സിനിമയോടല്ല പ്രകടിപ്പിക്കേണ്ടത് എന്ന നിലപാടിലാണ് ഇവര്‍. വിനത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ജോയ് മാത്യു, ലാല്‍ ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് അനുകൂലമായ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു.

24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാധിക ശരത്കുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വളരെയേറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവര്‍ അവതരിപ്പിക്കുന്നത്. അര്‍ത്ഥന എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ തുടക്കം കുറിച്ചത്.