ആദിത്യ ജോഷിയും ജോമോനും കോട്ടയം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ വധക്കേസ് ബോളിവുഡ് സിനിമയാകുന്നു. യഥാര്‍ഥ സംഭവകഥകള്‍ സിനിമയാക്കാറുള്ള ആദിത്യ ജോഷിയും അജയ് ഛബ്രിയയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കാല്‍നൂറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എഴുതിയ ‘അഭയ കേസ് ഡയറി’ എന്ന ആത്മകഥയുടെ ചുവടുപിടിച്ചാണ് തിരക്കഥ. ഇതിനായി ആദിത്യ ജോഷിയും ജോമോന്‍ പുത്തന്‍പുരയ്ക്കലും കൂടിയാലോചനകള്‍ നടത്തി. ഇതുവരെയുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സിനിമയാണ് ഒരുങ്ങുന്നത്. ആത്മകഥ സിനിമയാക്കുന്നതിന് റോയല്‍റ്റിയായി ജോമോന് 10 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അവതരിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഷൂട്ടിങ് പൂര്‍ണമായും കേരളത്തിലാണ്.
അഭയ കേസ് ഇങ്ങനെ

1992 മാര്‍ച്ച്‌ 27-നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതിത്തള്ളി. 1993 മാര്‍ച്ച്‌ 29-ന് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.

ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണച്ചുമതല. 2003 ഡിസംബര്‍ 31-ന് വര്‍ഗീസ് പി. തോമസ് രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയില്‍ കുറിച്ചു.

കേസ് തെളിയിക്കാന്‍ ആകുന്നില്ലെന്നുകാട്ടി സി.ബി.ഐ. മൂന്നുതവണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 2008 നവംബര്‍ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-ന് കുറ്റപത്രവും നല്‍കി.
ഇപ്പോഴത്തെ സ്ഥിതി

എട്ടുവര്‍ഷമായി കേസ് തിരുവനന്തപുരത്ത് സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയില്‍. ഇപ്പോഴത്തെ സി.ബി.ഐ. ജഡ്ജി ഈ കേസില്‍ സാക്ഷിയായിരുന്നു. കേസ് കേള്‍ക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാറോട് അദ്ദേഹം അപേക്ഷിച്ചു. ഹൈക്കോടതി തീരുമാനം ആയിട്ടില്ല. വരുന്ന നവംബര്‍ 13-ന് കേസ് വീണ്ടും പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക് വരും.

പോരാട്ടത്തിന് ലഭിച്ച അംഗീകാരം

നീതിക്കായി നടത്തുന്ന പോരാട്ടത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് ആത്മകഥ സിനിമയാക്കാനുള്ള തീരുമാനം. ഇതിനുള്ള കരാര്‍ ഒക്ടോബര്‍ 31-ന് ഒപ്പുവയ്ക്കും -ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍