നടിയെ അക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത.ദിലീപിനെതിരെ ഇരുപതോളം തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്. നാളെ യോഗം ചേര്‍ന്ന് ഈ കാര്യത്തില്‍ അന്വേഷണ സംഘം  അന്തിമ തീരുമാനമെടുക്കും.

കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപ് ആയതിനാലാണ്, ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. ഈയാഴ്ച തന്നെ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നടിയെ ആക്രമിച്ച സംഭവത്തില്‍ , കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു . നിലവില്‍ ഒന്നാം പ്രതിയാക്കിയിട്ടുള്ള പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ല.

ദിലീപ് നല്‍കിയ ക്വട്ടേഷന്‍ നടപ്പിലാക്കുകയാണ് പള്‍സര്‍ സുനി ചെയ്തത്. കുറ്റകൃത്യത്തിന്റെ ഗുണഭോക്താവും താല്‍പര്യക്കാരനും ദിലീപാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദിലീപിനെ മുഖ്യ പ്രതിയാക്കാന്‍ കഴിയും. കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്

നാളെ അന്വേഷണസംഘം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും . കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിക്ക് എതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ദിലീപിനെതിരെ യും ചുമത്തിയിട്ടുണ്ട്.

ബലാല്‍സംഗം, കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, അന്യായമായി തടവില്‍ വയ്ക്കല്‍, തുടങ്ങി ഐടി ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ വരെ, ദിലീപിനെതിരെ ചുമത്തി.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ദിലീപിനെതിരെ ശേഖരിച്ചു. കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യതെളിവുകള്‍ എന്നിവ ദിലീപിനെതിരെ കുറ്റപത്രത്തില്‍ നിരത്തും.

കൂടാതെ റിമി ടോമി, പള്‍സര്‍ സുനിയുടെ അമ്മ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തുടങ്ങി 15 പേരുടെ രഹസ്യ മൊഴികളും ദിലീപിനെതിരായ നിര്‍ണായക തെളിവുകളായി മാറും. നിലവില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമായാണ് ഉള്‍പ്പെടുത്തിയിരുന്നത്