അനുസരണക്കോട് കാട്ടിയ 9 വയസ്സുള്ള കുട്ടിയെ മര്യാദ പഠിപ്പിക്കാന്‍ 145 കിലോ ഭാരമുള്ള യുവതി കുട്ടിയുടെ മുകളില്‍ കയറി ഇരുന്നു. ഭാരം താങ്ങാനാവാതെ ആ കുഞ്ഞു ശ്വാസം മുട്ടി മരിച്ചു.യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.ഫ്ളോറിഡയിലെ പെന്‍സാകോളയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

തന്റെ സഹോദരപുത്രി ഡെറിക ലിന്‍ഡ്സയെ കൊലപ്പെടുത്തിയതിനാണ് വെറോണിക്ക പോസി എന്ന 64കാരിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അനുസരണക്കേട് കാണിച്ച കുട്ടിയെ ശിക്ഷിക്കാന്‍ കുട്ടിയുടെ ശരീരത്തിനുമേല്‍ കയറിയിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

34 കിലോ മാത്രം ഭാരമുള്ള ഡെറികയ്ക്കു മേലെയാണ് 145 കിലോ ഭാരമുള്ള വെറോണിക്ക കയറിയിരുന്നത്. ഇതോടെ തന്നേക്കാള്‍ നാലിരട്ടിയുള്ള യുവതിയുടെ ഭാരം താങ്ങാനാവാതെ ഡെറികയ്ക്ക് ശ്വാസം മുട്ടി. തുടര്‍ന്ന് കുട്ടിയുടെ ബോധം മറഞ്ഞതായി വെറോണിക്ക പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഹൃദയം സ്തംഭിച്ചാണ് കുട്ടി മരിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വികൃതിക്കാരിയായ കുട്ടിയെ പെരുമാറ്റ മര്യാദകള്‍ പഠിപ്പിക്കുന്നതിനാണ് താന്‍ സഹോദരി വെറോണിക്കയെ വിളിച്ചുവരുത്തിയതെന്ന് കുട്ടിയുടെ മാതാവ് ഗ്രേസ് സ്മിത്ത് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം നടന്നത്. കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ മേല്‍ വെറോണിക്ക കയറിയിരുന്നതായും ശ്വാസം മുട്ടുന്നതായി കുട്ടി പറഞ്ഞിട്ടും എണീറ്റില്ലെന്നും കുട്ടിയുടെ പിതാവ് ജയിംസ് സ്മിത് പോലീസിന് മൊഴി നല്‍കി.

കുട്ടി അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍തന്നെ പ്രഥമശുശ്രൂഷകള്‍ നല്‍കിയെന്നും ഉടന്‍തന്നെ ആംബുലന്‍സിനെ വിളിച്ചുവരുത്തിയെന്നും വെറോണിക്ക പോലീസിനോട് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഒരു മണിക്കൂറിനു ശേഷം മരിച്ചു. കുട്ടിയെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.