ഇംഗ്ലണ്ടിന്റെ വനിതാ ടീമിനോട് മോശമായി പെരുമാറിയ ഇന്ത്യന്‍ അമ്ബെയ്ത്ത് ടീം പരിശീലകന് സസ്പെന്‍ഷന്‍. കോമ്ബൗണ്ട് ടീം വിഭാഗത്തിന്റെ സഹപരിശീലകനായ സുനില്‍ കുമാറിനെയാണ് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ താല്‍ക്കാലികമായി പുറത്താക്കിയത്. അര്‍ജന്റീനയില്‍ നടക്കുന്ന വേള്‍ഡ് യൂത്ത് ആര്‍ച്ചെറി ചാമ്ബ്യന്‍ഷിപ്പിനിടെയാണ് സംഭവം.

അര്‍ജന്റീനയില്‍ ടീമിനൊപ്പം പോയ സുനിലിനെ അസോസിയേഷന്‍ ടൂര്‍ണമെന്റിനിടെ തിരിച്ചുവിളിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ടീം ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് അടുത്ത വിമാനത്തില്‍ തന്നെ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചുവരാനായിരുന്നു അസോസിയേഷന്‍ നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ റൊസാരിയയിലായിരുന്നു ലോകചാമ്ബ്യന്‍ഷിപ്പ്.

ഇംഗ്ലണ്ട് ടീമംഗങ്ങളും അസോസിയേഷനും വേള്‍ഡ് ആര്‍ച്ചറി ഒഫീഷ്യല്‍സും സുനിലിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ അസോസിയേഷന്‍ പരിശീലകനെ തിരിച്ചുവിളിച്ചത്.

ടീം മാനേജര്‍ സത്യദേവിന് അയച്ച കത്തില്‍ സുനില്‍ കുമാര്‍ തെറ്റ് ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ‘ ഞാന്‍ ഒരു വലിയ തെറ്റാണ് ചെയ്തത്. ആ തെറ്റ് ഇന്ത്യന്‍ ടീമിനെ മുഴുവന്‍ ബാധിച്ചു. ആ സംഭവത്തില്‍ എനിക്ക് ഖേദം പ്രകടിപ്പിക്കണം’ ഒക്ടോബര്‍ നാലിന് എഴുതിയ കത്തില്‍ സുനില്‍ വ്യക്തമാക്കുന്നു.

സുനിലിന്റെ കാര്യത്തില്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ് വേള്‍ഡ് ആര്‍ച്ചറി അസോസിയേഷന്റെ നിലപാട്.