കേരളത്തിലെ റോഡുകളില്‍ എപ്പോള്‍ വേണമെങ്കിലും അപകടം പതിയിരിപ്പുണ്ടാകും. മനുഷ്യന്റെ രൂപത്തിലോ റോഡിലെ കുഴികളുടെ ഭാവത്തിലോ ആകുമത്. ഇത്തരത്തിലൊരു അപകടത്തില്‍ പെട്ടതിന്റെ അമ്പരപ്പിലും ഞെട്ടലിലുമാണ് നടി പാര്‍വതി തെരുവോരത്ത്. സംഭവം ഇങ്ങനെ. രാവിലെ കൊച്ചിയിലേക്കെത്തിയതാണ് നടി. ദീപാവലി ദിവസം പുലര്‍ച്ചെയാണ് സംഭവം.

റോഡിലേക്ക് വീണ് കിടക്കുന്ന ഒരു കേബിളില്‍ താരത്തിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങി. ഇതോടെ മിറര്‍ മൊത്തത്തില്‍ പറിഞ്ഞു പോകുകയ ുമായിരുന്നു. ഒരു നിമിഷം പകച്ച പാര്‍വതി ആ അപകടക്കെണിയെകുറിച്ച് ബോധവതിയായി. കേബിള്‍ റോഡിനു കുറുകെ ഇരുട്ടത്ത് അദൃശ്യമായി കിടക്കുന്നതിനാല്‍ പിറകെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്ത് താരം റോഡിലിറങ്ങി നിന്ന് മുന്നറിയിപ്പു നല്‍കി.

ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച പാര്‍വ്വതി അവരെത്തി കേബിള്‍ നീക്കുന്നതുവരെ അവിടെ തന്നെ നിന്ന് മുന്നറിയിപ്പു നല്‍കി. കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞാണ് താരം യാത്ര തുടര്‍ന്നത്. പാര്‍വതിയുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.