അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നിലപാടും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ നിലപാടും ഇരു രാജ്യങ്ങളിലേക്കും ജോലി തേടി പോകാനുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് വരുത്തി. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 38 ശതമാനം ഇടിവും ബ്രിട്ടനിലേക്കുള്ളതില്‍ 42 ശതമാനം ഇടിവുമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിദേശത്ത് ജോലി തേടുന്നവരുടെ എണ്ണത്തില്‍ 5 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ എണ്ണ വിലയുണ്ടായ ഇടിവും സാമ്പത്തിക വളര്‍ച്ചയുടെ മുരടിപ്പും ആ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 21 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ വിദേശങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്നവരില്‍ ഭൂരിഭാഗവും ഗള്‍ഫ് മേഖലയെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

2016 സെപ്തംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകളാണ് ജോബ് സൈറ്റായ ഇന്‍ഡീഡിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വികസിത രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യക്കാരെ രാജ്യത്തിനകത്തുതന്നെ തൊഴിലന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് തൊഴിലന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ 170 ശതമാനമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നുമാത്രം 25 ശതമാനം ആളുകള്‍ ഇന്ത്യയില്‍ തൊഴില്‍ അന്വേഷിക്കുന്നു.