രണ്ടു വര്‍ഷം മുമ്ബ് കാണാതായ പാക് മാധ്യമ പ്രവര്‍ത്തകയെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി മോചിപ്പിച്ചു. ചാരവൃത്തി ആരോപിക്കപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത ഇന്ത്യന്‍ തടവുകാരനെ കുറിച്ചുള്ള അന്വേഷണത്തിനിടെയിലാണ് 2015 ഓഗസ്റ്റില്‍ പാക് ഏജന്‍സികള്‍ തട്ടിക്കൊണ്ടു പോയ സീനത്ത് ഷെഹസാദി (25) എന്ന മാധ്യമ പ്രവര്‍ത്തകയെ കണ്ടെത്തിയത്.

പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സീനത്തിനെ തട്ടിക്കൊണ്ടു പോയതായി അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ ആരോപിച്ചിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്ബ് ഒരു തവണ ഷെഹസാദിയെ പാക് അന്വേഷണ ഏജന്‍സികള്‍ ബലമായി പിടിച്ചു കൊണ്ടുപോവുകയും നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. അന്‍സാരിയെ കുറിച്ചുള്ള വിവരങ്ങളായിരുന്നു ഏജന്‍സികള്‍ ഷെഹസാദിയോട് ചോദിച്ചത്. ഷെഹസാദിയുടെ സഹോദരന്‍ സദ്ദാം 2016 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

ഇന്ത്യന്‍ പൗരനായ ഹമീദ് നേഹാള്‍ അന്‍സാരിയെ കാണാനില്ലെന്ന് കാണിച്ച്‌ പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതിനു ശേഷമാണ് സീനത്തിനെ കാണാതായത്. ഹമീദിന്റെ അമ്മ ഫൗസിയയ്ക്കു വേണ്ടിയാണ് സീനത്ത് പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. സീനത്തിനെ കാണാതായി മാസങ്ങള്‍ക്കു ശേഷം ഹമീദിനെ കണ്ടെത്തുകയും ചാരവൃത്തി ആരോപിച്ച്‌ മൂന്നുവര്‍ഷം തടവിനു വിധിക്കുകയും ചെയ്തിരുന്നു.

2015ലാണ് ഹമീദ് അന്‍സാരിയെ പാകിസ്ഥാന്‍ ജയിലില്‍ അടച്ചത്. അതേവര്‍ഷം ആഗസ്റ്റില്‍ ഷെഹസാദിയേയും കാണാതാവുകയായിരുന്നു. ബലൂചിസ്ഥാനിലേയും പഖ്തുന്‍ക്വവയിലേയും ഗോത്ര വര്‍ഗ നേതാക്കളുടെ സഹായത്തോടെ പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഷെഹസാദിയെ മോചിപ്പിച്ചതെന്ന് കാണാതായവരെ കുറിച്ച്‌ അന്വേഷിക്കുന്ന കമ്മിഷന്റെ തലവന്‍ റിട്ട. ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് കാണാതായവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന സീനത്ത് ഫ്രീലാന്‍സറായാണ് ജോലി നോക്കി വന്നത്. പാകിസ്ഥാനില്‍ കാണാതായ ഹമീദ് അന്‍സാരി എന്ന ഇന്ത്യാക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സീനത്ത് നടത്തിയിരുന്നു. അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരിയുമായി സോഷ്യല്‍ മീഡിയ വഴി സീനത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നു.

സീനത്തിനെ കണ്ടെത്തിയെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹമീദിന്റെ അമ്മ ഫൗസിയ പ്രതികരിച്ചു. മുംബൈ സ്വദേശിനിയാണ് ഫൗസിയ. ‘2012 ല്‍ ജോലി അന്വേഷിച്ച്‌ അഫ്ഗാനിസ്ഥാനിലേക്ക് പോയ മകനെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ഫൗസിയ മകനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. യു കെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ജാസ് ഉപല്‍ എന്ന സാമൂഹികപ്രവര്‍ത്തകയാണ് ഫൗസിയക്ക് സീനത്തിനെ പരിചയപ്പെടുത്തി കൊടുത്തത്’.

‘പിന്നീടാണ് പാകിസ്ഥാനിലെ കോഹാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഹമീദ് പ്രണയത്തിലായെന്നും മറ്റൊരാളുമായുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ പാകിസ്ഥാനിലേക്ക് പോയെന്നും ഫൗസിയ അറിയുന്നത്. ഇക്കാര്യങ്ങള്‍ ഫൗസിയ സീനത്തിനെ അറിയിക്കുകയും ചെയ്തു’.

കോഹട്ടില്‍ എത്തിയ സീനത്ത് പോലീസിന്റെ കസ്റ്റഡിയില്‍ ഹമീദിനെ കണ്ടെത്തി. തുടര്‍ന്ന് പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ മനുഷ്യാവകാശ സെല്ലിന് പരാതി നല്‍കുകയായിരുന്നു. ഫൗസിയയില്‍നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങിയ ശേഷമായിരുന്നു ഹമീദിനെ കാണാനില്ലെന്ന് കാണിച്ച്‌ സീനത്ത് പരാതി നല്‍കിയത്. സീനത്തിന്റെ ശ്രമങ്ങള്‍ വിഫലമായില്ല.

ഇതോടെയാണ് ജാവേദ് ഇഖ്ബാല്‍ തലവനായി സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍സാരി തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പാക് ഏജന്‍സികള്‍ സമ്മതിക്കുകയായിരുന്നു. 2012 ല്‍ ഹമീദിനെ അറസ്റ്റ് ചെയ്തതായും പിന്നീട് ഇന്റലിജന്‍സ് അധികൃതര്‍ക്ക് കൈമാറിയതായും 2016 ല്‍ പാകിസ്ഥാന്‍ പോലീസ് പെഷവാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഹമീദ് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതായും ഉടന്‍ തന്നെ മോചിതനാകുമെന്നും റിപ്പോര്‍ട്ടുകളുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.