പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും വാഴപ്പിണ്ടി ഏറെ മുന്നിലാണ്‌. നാവിന്‍റെ രുചി മാത്രമല്ല. ആരോഗ്യവും സംരക്ഷിക്കുമെന്ന്‌ സാരം. ഈ വ്യത്യസ്ത വിഭവം ഒന്നു പരീക്ഷിക്കൂ.

ആവശ്യമുള്ള ഇനങ്ങള്‍:

വാഴപ്പിണ്ടി അരിഞ്ഞത്‌ 2 കപ്പ്‌
ചുവന്നുള്ളി 1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ 4 എണ്ണം
കടുക്‌ 1 സ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ 1 സ്‌പൂണ്‍
കടലപ്പരിപ്പ്‌ 1 സ്‌പൂണ്‍
ഗരം മസാല 1/4 സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ 1 1/2 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില പാകത്തിന്‌
എണ്ണ 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യേണ്ട വിധം:

ഒരു പാത്രത്തില്‍ നാലുകപ്പ്‌ വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച വാഴപ്പിണ്ടിയിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ എണ്ണയൊഴിക്കുക. കടുക്‌ ഇട്ട്‌ പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഇടുക. ഇത്‌ ചുവന്നാല്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട്‌ ഇളക്കുക. ഇത്‌ ചുവക്കുമ്പോള്‍ മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത്‌ ഇളക്കി വാഴപ്പിണ്ടിയും ചേര്‍ത്ത്‌ യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക.