കേരളത്തില്‍ ഏറെ നാശം വിതയ്ക്കുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം അവസാനിച്ചതിനു പിന്നാലെ തീരത്ത് ചാകര. മധ്യകേരളത്തിലാണ് മല്‍സ്യചാകര കാണുന്നത്. വീണ്ടും അന്നം തേടി കടലിലിറങ്ങിയ മല്‍സ്യ തൊഴിലാളികള്‍ ബോട്ട് നിറയെ മല്‍സ്യവുമായാണ് മടങ്ങിയെത്തുന്നത്.

മുമ്ബുണ്ടായതിനേക്കാള്‍ വലിയ തോതില്‍ ഇവര്‍ക്കു മല്‍സ്യ ലഭിക്കുന്നുണ്ട്. മത്തിയും അയലയുമാണ് കൂടുതലായി ലഭിക്കുന്നതെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. ഓഖി ആഞ്ഞടിച്ച ശേഷം മല്‍സ്യ വിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ കടല്‍ വീണ്ടും കനിഞ്ഞതോടെ വില കുത്തനെ താഴ്ന്നിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച കിലോയ്ക്കു 160 രൂപ വരെ ഉയര്‍ന്ന മത്തിക്ക് ഇപ്പോള്‍ 40 രൂപ മാത്രമേയുള്ളൂ. അയല വിലയിലും കുറവുണ്ടായിട്ടുണ്ട്. ഓഖിക്ക് മുമ്ബ് കിലോയ്ക്ക് 200 രൂപ വരെയെത്തിയ അയലയ്ക്ക് 130നും 140നുമിടയിലാണ് പുതിയ വില.

അയലയും മത്തിയും മാത്രമല്ല മറ്റു മല്‍സ്യങ്ങളും സുലഭമായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം, ഓഖി കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ബോട്ടുകള്‍ പൂര്‍ണ തോതില്‍ ഇനിയും കടലില്‍ പോവാന്‍ ആരംഭിച്ചിട്ടില്ല. ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ച തെക്കന്‍ ജില്ലകളിലെ ഹാര്‍ബറുകള്‍ ഇനിയും സജീവമായിട്ടില്ല.